Loading Bible Translation
First-time download in progress. This may take a few seconds…
Malayalam Holy Bible Wordproject Bible
30 verses
1പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാൻ പേടകളുടെ ഈറ്റുനോവു നീ കാണുമോ?
2അവെക്കു ഗർഭം തികയുന്ന മാസം നിനക്കു കണക്കു കൂട്ടാമോ? അവയുടെ പ്രസവകാലം നിനക്കു അറിയാമോ?
3അവ കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു; ക്ഷണത്തിൽ വേദന കഴിഞ്ഞുപോകുന്നു.
4അവയുടെ കുട്ടികൾ ബലപ്പെട്ടു കാട്ടിൽ വളരുന്നു; അവ പുറപ്പെട്ടുപോകുന്നു; മടങ്ങിവരുന്നതുമില്ല.
5കാട്ടുകഴുതയെ അഴിച്ചുവിട്ടതു ആർ? വനഗർദ്ദഭത്തെ കെട്ടഴിച്ചതാർ?
6ഞാൻ മരുഭൂമിയെ അതിന്നു വീടും ഉവർന്നിലത്തെ അതിന്നു പാർപ്പിടവുമാക്കി.
7അതു പട്ടണത്തിലെ ആരവം കേട്ടു ചിരിക്കുന്നു; തെളിക്കുന്നവന്റെ ഒച്ച കൂട്ടാക്കുന്നതുമില്ല.
8മലനിരകൾ അതിന്റെ മേച്ചല്പുറമാകുന്നു; പച്ചയായതൊക്കെയും അതു തിരഞ്ഞുനടക്കുന്നു.
9കാട്ടുപോത്തു നിന്നെ വഴിപ്പെട്ടു സേവിക്കുമോ? അതു നിന്റെ പുല്തൊട്ടിക്കരികെ രാപാർക്കുമോ?
10കാട്ടു പോത്തിനെ നിനക്കു കയറിട്ടു ഉഴവിന്നു കൊണ്ടുപോകാമോ? അതു നിന്റെ പിന്നാലെ നിലം നിരത്തുമോ?
11അതിന്റെ ശക്തി വലുതാകയാൽ നീ അതിനെ വിശ്വസിക്കുമോ? നിന്റെ വേല നീ അതിന്നു ഭരമേല്പിച്ചു കൊടുക്കുമോ?
12അതു നിന്റെ വിത്തു കൊണ്ടുവരുമെന്നും നിന്റെ കളപ്പുരയിൽ കൂട്ടുമെന്നും നീ വിശ്വസിക്കുമോ?
13ഒട്ടകപ്പക്ഷി ഉല്ലസിച്ചു ചിറകു വീശുന്നു; എങ്കിലും ചിറകും തൂവലുംകൊണ്ടു വാത്സല്യം കാണിക്കുമോ?
14അതു നിലത്തു മുട്ട ഇട്ടേച്ചുപോകുന്നു; അവയെ പൊടിയിൽ വെച്ചു വിരിക്കുന്നു.
15കാൽകൊണ്ടു അവ ഉടഞ്ഞുപോയേക്കുമെന്നോ കാട്ടുമൃഗം അവയെ ചവിട്ടിക്കളഞ്ഞേക്കുമെന്നോ അതു ഓർക്കുന്നില്ല.
16അതു തന്റെ കുഞ്ഞുങ്ങളോടു തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു; തന്റെ പ്രയത്നം വ്യർത്ഥമായ്പോകുമെന്നു ഭയപ്പെടുന്നില്ല.
17ദൈവം അതിന്നു ജ്ഞാനമില്ലാതാക്കി വിവേകം അതിന്നു നല്കീട്ടുമില്ല.
18അതു ചിറകടിച്ചു പൊങ്ങി ഓടുമ്പോൾ കുതിരയെയും പുറത്തു കയറിയവനെയും പരിഹസിക്കുന്നു.
19കുതിരെക്കു നീയോ ശക്തി കൊടുത്തതു? അതിന്റെ കഴുത്തിന്നു നീയോ കുഞ്ചിരോമം അണിയിച്ചതു?
20നിനക്കു അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ? അതിന്റെ ഹുങ്കാരപ്രതാപം ഭയങ്കരം.
21അതു താഴ്വരയിൽ മാന്തി ഊക്കോടെ ഉല്ലസിക്കുന്നു. അതു ആയുധപാണികളെ എതിർത്തുചെല്ലുന്നു.
22അതു കൂശാതെ ഭയത്തെ പുച്ഛിക്കുന്നു; വാളിനോടു പിൻവാങ്ങി മണ്ടുന്നതുമില്ല.
23അതിന്നു എതിരെ ആവനാഴിയും മിന്നുന്ന കുന്തവും ശൂലവും കിലുകിലുക്കുന്നു.
24അതു ഉഗ്രതയും കോപവും പൂണ്ടു നിലം വിഴുങ്ങുന്നു; കാഹളനാദം കേട്ടാൽ അതു അടങ്ങിനിൽക്കയില്ല.
25കാഹളനാദം ധ്വനിക്കുന്തോറും അതു ഹാ, ഹാ എന്നു ചിനെക്കുന്നു; പടയും പടനായകന്മാരുടെ മുഴക്കവും ആർപ്പും ദൂരത്തുനിന്നു മണക്കുന്നു.
26നിന്റെ വിവേകത്താലോ പരുന്തു പറക്കയും ചിറകു തെക്കോട്ടു വിടർക്കുകയും ചെയ്യുന്നതു?
27നിന്റെ കല്പനെക്കോ കഴുകൻ മേലോട്ടു പറക്കയും ഉയരത്തിൽ കൂടുവെക്കുകയും ചെയ്യുന്നതു?
28അതു പാറയിൽ കുടിയേറി രാപാർക്കുന്നു; പാറമുകളിലും ദുർഗ്ഗത്തിലും തന്നേ.
29അവിടെനിന്നു അതു ഇര തിരയുന്നു; അതിന്റെ കണ്ണു ദൂരത്തേക്കു കാണുന്നു.
30അതിന്റെ കുഞ്ഞുകൾ ചോര വലിച്ചു കുടിക്കുന്നു. പട്ടുപോയവർ എവിടെയോ അവിടെ അതുണ്ടു.